Friday, August 21, 2009

ഋതുക്കാഴ്ചകള്‍


തുക്കള്‍ മാറുമ്പോള്‍ കൂടെ നമ്മളും മാറുന്നുണ്ടോ?ചുറ്റുമുള്ളവര്‍ മാറിയാലും ചിലര്‍ അതൊന്നും അറിയാതെ പഴയ ഓര്‍മ്മകളും അതില്‍ നിന്നും പടുത്തുയര്‍ത്തിയ സ്വപ്നങ്ങളുമായി പഴയ കാലത്ത് തന്നെ ജീവിക്കും.കാലത്തിനും ഒരുപടി മുമ്പേ മാറുന്നവരും ഉണ്ട്.മറ്റു ചിലര്‍ക്കാകട്ടെ മാറ്റത്തിന്റെ കുത്തൊഴുക്കില്‍ നിസ്സാഹയരായി നോക്കി നില്ക്കാനേ കഴിയൂ.

ഋതുക്കള്‍ മാറിയപ്പോള്‍ അതിനൊപ്പം മാറിയ,സൗഹൃദത്തിന്റെ കാഴ്ചയുമായി എത്തിയ 'ഋതു'വിന്റെ വൈകിട്ടത്തെ ഷോയ്ക്കായി സാഗരയെന്ന കുട്ടി തീയറ്ററില്‍ ഇരിക്കുമ്പോള്‍ ചുറ്റും ഉണ്ടായിരുന്നത് പത്തിരുപതു പേര്‍‍. എല്ലാം ചെറുപ്പക്കാര്‍.കുടുംബങ്ങളോ സ്ത്രീകളോ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.

ഏസിയുടെ തണുപ്പറിയാന്‍ കുറച്ചു സമയം എടുത്തത് പോലെ ശരത്‌ വര്‍മ്മയോടും,സണ്ണി ഇമ്മട്ടിയോടും,വര്‍ഷയോടും അടുക്കാന്‍ കുറച്ചു സമയമെടുത്തു.അത്രയും സമയം സത്യം പറഞ്ഞാല്‍ വിശാലമായ സ്ക്രീനിലെ മനോഹരങ്ങളായ കാഴ്ചകള്‍ കണ്ടിരിക്കുകയായിരുന്നു. തടാകവും,പുല്‍മേടുകളും,ടെക്നോസിറ്റിയും എല്ലാം മനസ്സിന് കുളിര്‍മ നല്‍കുന്ന ദൃശ്യങ്ങളായിരുന്നു.ഇമ്പമാര്‍ന്ന പാശാത്തല ശബ്ദങ്ങളും ,സംഗീതവും ഒപ്പം ഈ കാഴ്ചകളും ചേരുമ്പോള്‍ 'സുഖം പകരുന്ന പുതുമ'എന്ന പരസ്യ വാചകം ശരിയാവുന്നുണ്ട്.

കാറിന്റെ മുന്‍ ഗ്ലാസില്‍ വീഴുന്ന മഴവെള്ളത്തിന്റെ ,പഴയ ഡയറിത്താളിന്റെ,തടാകത്തിലെ തണുത്ത വെള്ളത്തിന്റെ,കംപ്യൂ ‍ട്ടര്‍ സ്ക്രീനിന്റെ,മൊബൈല്‍ ഫോണിന്റെ അങ്ങനെ പലതിന്റെയും തൊട്ടടുത്തു നിന്നുള്ള കാഴ്ച ഓരോ ഫ്രെയിമിലും നിറയുമ്പോള്‍ ചെറിയ വിസ്മയവും ഉള്ളില്‍ നിറയും.

ഇടയ്ക്കെപ്പോഴോ കഥാപാത്രങ്ങളുടെ അടുത്ത് എത്തിയെങ്കിലും പിന്നണിയിലെ സംഗീതം പെട്ടന്ന് നിലച്ചപ്പോള്‍ തിരികെ വന്നു.വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടിലെത്തിയ ശരത് അച്ഛന് പുസ്തകം സമ്മാനിച്ചപ്പോള്‍ ,'ചമന്തി ഇടട്ടെ' എന്ന് അമ്മ ചോദിച്ചപ്പോള്‍ ഒക്കെ പുറകില്‍ നിന്നും പലരും പിറുപിറുക്കുന്നുണ്ടായിരുന്നു.മൂന്നു കൂട്ടുകാരുടെയും തമാശകള്‍ കണ്ടപ്പോള്‍,പ്രത്യേകിച്ചും മെഡിക്കല്‍ സ്റ്റോറില്‍ ചെന്ന് വര്‍ഷ ചോദിച്ച ചോദ്യം കേട്ടപ്പോള്‍ തീയറ്ററില്‍ ആദ്യമായി ചിരിപൊട്ടി.

കൂട്ടുകാരനും കൂട്ടുകാരിക്കും സംഭവിച്ച മാറ്റത്തില്‍ ശരത് ഞെട്ടുമ്പോള്‍ ,എന്തോ അത് അത്ര വലിയ വേദനയായി തോന്നിയില്ല.ഒരു പക്ഷേ അവരുടെ കഴിഞ്ഞ കാലം ,ആ പഴയ സൗഹൃദം അത്രയ്ക്കങ്ങോട്ട് ഉള്ളില്‍ കയറാത്തത് കൊണ്ടാവാം. ഏറ്റവും വലിയ ഓഫര്‍ കിട്ടി എന്ന് പറഞ്ഞു സെറീന തുള്ളിച്ചാടിയപ്പോള്‍ ഒന്നും പ്രതികരിക്കാതെ നിന്ന ബാലുവിന് എല്ലാവരും കൈയടി കൊടുത്തപ്പോള്‍ എന്റെ കൈകളും അതില്‍ ചേര്‍ന്നു.

എഴുത്ത്‌ കൈവെടിയരുത്‌ എന്ന് വീണ്ടും വീണ്ടും പറയുന്ന അച്ഛന്‍ ,'ഓര്‍മ്മ അപകടമാണ്..സൂക്ഷിച്ചു കൈകാര്യം ചെയ്യണം' എന്ന് പറഞ്ഞ് തലയില്‍ തലോടി ഉപദേശിക്കുന്ന ചേട്ടന്‍ ,'എന്റെ പെര ദാ ..ഇവിടെയായിരുന്നു'എന്ന് വിതുമ്പുന്ന 'പ്രാഞ്ചി'അങ്ങനെ ചിലര്‍ തിരശ്ശീലയില്‍ മിന്നി മറിഞ്ഞിട്ടും കണ്ണിനു മുന്നില്‍ വീണ്ടും എത്തി.

നഷ്ടപെട്ട ഓര്‍മ്മകളും,പ്രണയവും ,സ്വപ്നങ്ങളും എല്ലാം ശരത് പുസ്തകമാക്കി വര്‍ഷയ്ക്കും സണ്ണിക്കും സമര്‍പ്പിക്കുമ്പോള്‍ 'ഋതു' അവിടെ തീരുന്നു.കടവിലെ വഞ്ചിക്കാരന്‍ കൂട്ടുകാരൊക്കെ എവിടെ? എന്ന് ചോദിക്കുമ്പോള്‍ ചിലപ്പോള്‍ നമ്മളോടു തന്നെ ചോദിച്ചു പോകും ..ആ പഴയ കൂട്ടുകാരൊക്കെ എവിടെ?

വളരെ രഹസ്യമായി നിര്‍മ്മിക്കുകയും ,പെട്ടന്നൊരു ദിവസം പരസ്യമാക്കുകയും ചെയ്ത 'ഋതു 'വിന്റെ വിശേഷങ്ങളും,ശ്യാമപ്രസാദും,മമ്മൂട്ടിയുടെ പ്ലേ ഹൌസും ഒക്കെയായിരുന്നു കഴിഞ്ഞ ഒരു മാസക്കാലം അച്ചടി ദൃശ്യ മാധ്യമങ്ങളിലെ വിനോദ വിഭാഗത്തില്‍ നിറഞ്ഞു നിന്നത്. അതുകൊണ്ട് തന്നെയായിരിക്കാം പലരും ശ്യാമപ്രസാദില്‍ നിന്ന് ഒരു ക്ലാസ്സിക്‌ പ്രതീക്ഷിച്ചത്.ശബ്ദ-സംഗീത പാശ്ചാത്താലം ഇല്ലാതെ ഇടക്കൊക്കെ വരുന്ന നീണ്ടസംഭാഷണങ്ങളും,അതില്‍ തന്നെ ചില 'മുറി'- ഇംഗ്ലീഷുകളും സാധാരണ പ്രേക്ഷകരെ അലോസരപ്പെടുത്തിയേക്കാം.ചില രംഗങ്ങളുടെ കൂട്ടി ചേര്‍ക്കല്‍ ഒരു ഒഴുക്കില്‍ അങ്ങനെ ആസ്വദിക്കാന്‍ പറ്റാത്തത് പോലെയും കാണാം.എങ്കിലും മനം കവരുന്ന ദൃശ്യങ്ങളും,'കുക്കു.. ക്കൂ ..കുക്കു.. ക്കൂ തീവണ്ടി 'എന്ന് പാടിപ്പിക്കുന്ന സംഗീതവും,ഒരു പറ്റം പുതിയ മുഖങ്ങളും ,അവരുടെ പുതിയ ശബ്ദങ്ങളും നിരാശപ്പെടുത്തില്ല .ഉടന്‍ തന്നെ തെലുങ്കിലേക്കും ഹിന്ദിയിലേക്കും മൊഴി മാറ്റുന്ന 'ഋതു'
ഇംഗ്ലീഷില്‍ കേട്ടാലായിരിക്കും അതിനേക്കാള്‍ ഭംഗി എന്ന് തോന്നുന്നു.


വാല്‍ക്കഷ്ണം:ലൈറ്റ് തെളിഞ്ഞപ്പോള്‍ ഉടന്‍ തന്നെ പുറത്തേക്ക് ഇറങ്ങാതെ എല്ലാവരും അഭിനേതാക്കളുടെ പേരൊക്കെ വായിച്ചു.'നിഷാന്‍ as ശരത് വര്‍മ്മ'..."ഇവന്‍ സൂപ്പറായിന് കെട്ടാ... പ്രിഥ്വിരാജിനും,ജയസൂര്യക്കും,കുഞ്ചാക്കോ ബോബനും ഒക്കെ.. പണി കിട്ടും.." എന്ന് ചിലരും,"കമ്പ്യൂട്ടര്‍ ഒക്കെ പഠിച്ചാ മതിയാരുന്നു ...ബാംഗ്ലൂരൊക്കെ നല്ല സെറ്റ്- അപ്പാടാ "എന്ന് ചില വിദ്വാന്‍മാരും അഭിപ്രായം പാസ്സാക്കുന്നത് കേട്ടു.

16 comments:

ആദര്‍ശ്║Adarsh said...

ഋതുക്കാഴ്ചകള്‍....

Calvin H said...

"കമ്പ്യൂട്ടര്‍ ഒക്കെ പഠിച്ചാ മതിയാരുന്നു ...ബാംഗ്ലൂരൊക്കെ നല്ല സെറ്റ്- അപ്പാടാ "

യുവത്വത്തെക്കുറിച്ചും നഗരങ്ങളെക്കുറിച്ചും ജോലിസാഹചര്യങ്ങളെക്കുറിച്ചും ഒക്കെ ഇത് പോലുള്ള വികലമായ കാഴ്ചപ്പാടുകൾ സൃഷ്ടിക്കുന്നു എന്നതാണ് ഇത്തരം പടങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം...

Anil cheleri kumaran said...

കൊള്ളാം പോസ്റ്റ്.

ചെലക്കാണ്ട് പോടാ said...

അവസാനം ഋതു കണ്ടു അല്ലേ.....

കാല്‍വിന്‍ അതും ഉള്ളതു തന്നെ അല്ലേ...

ചിലര്‍ ഹാഷ് ബുഷ് സൌഹൃദങ്ങളുടെ സിനിമ എടുക്കുമ്പോള്‍ ചിലര്‍ അതിനെതിരെ എടുക്കുന്നു(ഋതു അങ്ങനെയല്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു)

പിന്നെ ബാംഗ്ലൂരിനെക്കുറിച്ചുള്ള ആ പ്രേക്ഷകന്‍റെ ചിന്ത അതോരോരുത്തരും മനസ്സിലാക്കുന്നത് പോലെ എന്ന് കരുതിയാല്‍ പോരെ സുഹൃത്തേ....

അനില്‍@ബ്ലോഗ് // anil said...

കാണണം.

Anonymous said...

Adarsh koche...njaanum wait cheyithirunna oru movie anu RITU... kaanaan pattiyilla..
review enne nirashapeduthi :(... pinne Nishaan ,kunchacko bobanum Jayasooryakkum paniyaakumo?? ellanna thonnanathu... Ah pullikarane last day Amrita TV il kandittu ... karthaave.. "Ah sundaranano ee korangan" ennu chinthichu poyi.. pulli paranjathum angane anu..."Shyamaprasad inte magic" anu ah movie le ayalude saudarayam ennu...

IT field ... :-|

Tin2

താരകൻ said...

സത്യത്തിൽ ഞാൻ അത്ഭുതപെടുകയായിരുന്നു. ഒരേകാഴ്ചകൾ വ്യത്യസ്തമനസ്സുകൾ എത്രവ്യതിരിക്ത
മായാണ് ഉൾകൊള്ളുന്നത്.!! എന്റെ അഭിപ്രായത്തിൽ “ഋതു ഭേദകല്പന ഒട്ടും ചാരുതനൽകാത്ത
ഒരു സിനിമയാണ് “ഋതു”!
ദൃശ്യവസന്തത്തിന്റെ സാധ്യത തോന്നിക്കുന്ന ടൈറ്റിൽ,പുതിയമുഖങ്ങൾ,പുതിയതിരക്കഥാകൃത്ത്,
ബിഗ്സ്ക്രീനിൽ ഇനിയും പൊട്ടൻഷ്യൽ വെളിപെടുത്തിയിട്ടില്ലാത്ത സംവിധായകൻ(മിനിസ്ക്രീനിൽ
അദ്ദേഹത്തിന്റെ സംവിധാനപ്രതിഭ കണ്ട് കഴിഞ്ഞു.) ...നാളുകൾക്ക്
ശേഷം തിയ്യറ്ററിലേക്ക് ആകർഷിച്ച ഘടകങ്ങൾ ഇതൊക്കെയായിരുന്നു. പക്ഷെ s p-ന്റെ മുൻസിനിമകളെ
പോലെ‘ ഋതു’വുംനിരാശപെടുത്തിയെന്ന് പറയാതെ വയ്യ. കഥാപരിസരം അല്പം പുതുമയുള്ളതെങ്കിലും
അതീവദുർബലമായ കഥാതന്തു.ചിലയിടത്ത് അത് നൂറ്റൊന്നാവർത്തിച്ച ക്ഷീരബല തന്നെയാകുന്നു.
ഡയലോഗണാങ്കിൽ മോണൊ ടോണസ് മംഗ്ലീഷ്.. ഇടക്ക് ചില കാല്പനികജല്പനങ്ങളും.
മനോഹരമായ ഫോട്ടോഗ്രാഫിയും സുന്ദരമായ ഗാനങ്ങളും ആണ് പതിവു പോലെ പ്ലസ് പോയിന്റ്.
പ്രത്യേകിച്ച് കൂകു കൂകു തീവണ്ടി ...എന്ന് ചിരപരിചിതമായ വരികളിൽ തുടങ്ങുന്ന ഗാനം ഗാനരചയിതാവിന്റെ
മാന്ത്രിക സ്പർശം കൊണ്ട് മോഡേൺ ലൈഫിനെ കുറിച്ചുള്ള് ഒരു ലളിതസുന്ദരമായ ഫിലോസഫി ആയി
മാറുമ്പോൾ നമ്മൾ അറിയാതെ ..വാഹ് വാഹ് പറഞ്ഞുപോകും....
ശരതിന്റെ വേഷമിട്ട കക്ഷി വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്പക്ഷെ, നായികയെ കുറിച്ച് ഇതേ അഭിപ്രായം
പറയാനാവില്ല. സോളൊമന്റെ ഗീതത്തിലെ നായികയെ ഓർമ്മിപ്പിക്കുന്ന റിമാകല്ലുങ്കല്ലിന്റെ ‘ലാവണ്യരൂപം’
ഫ്രെയിമുകളിൽ ദൃശ്യവിരുന്നൊരുക്കുന്നു; അതേസമയം പോവർട്ടി ഓഫ് എക്സ്പ്രഷൻ കൊണ്ട് അരോചകത്തവും
ഉളവാക്കുന്നു...
പിന്നെ സിനിമയെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും താങ്കളുടെ എഴുത്ത് മനോഹരമായിരിക്കുന്നു
എന്നു തന്നെയാണ് മൈ ഹംബിൾ ഒപീനിയൻ..

നിരക്ഷരൻ said...

കുറേ നാളായി ഏതെങ്കിലും സിനിമ തീയറ്ററില്‍ പോയി കണ്ടിട്ട് . ഇപ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ ഇതുണ്ടാകുമോ തീയറ്ററില്‍ ? എങ്കില്‍ കണ്ടിട്ടുതന്നെ ബാക്കി കാര്യം .

അരുണ്‍ കരിമുട്ടം said...

കണ്ടില്ല, കണ്ടിട്ട് പറയാം
:)
മൊത്തത്തില്‍ എന്താ അഭിപ്രായം?
നല്ലതാണൊ അതോ ആവറേജോ?

ആദര്‍ശ്║Adarsh said...

@ cALviN::കാല്‍‌വിന്‍ ,
സിനിമ കണ്ടിറങ്ങിയപ്പോള്‍ കേട്ട ഒരു കമന്റായിരുന്നു അത്. "നായിക...ഓ..പ്രതീക്ഷിച്ചത് പോലെയൊന്നും ഇല്ല..."എന്ന് പറഞ്ഞവരും ഉണ്ട്.ഓരോരുത്തരും സിനിമ കാണാന്‍ കയറുന്നത് പല മുന്‍വിധികളോടും കൂടിയാണ്.പലരും ഉള്‍ക്കൊള്ളുന്നതും ചിന്തിക്കുന്നതും പല വിധത്തിലാണ്.
പാര്‍ട്ടിയും, ഡ്രിങ്ക്സും,ഡേറ്റിങ്ങും അത്തരം യുവാക്കളൊന്നും ഇല്ലാത്തതൊന്നും അല്ല താനും.രാഷ്ട്രീയക്കാരെയും പോലീസുകാരെയുമൊക്കെക്കുറിച്ച് എന്തെല്ലാം സിനിമകള്‍ വരുന്നു?

@ കുമാരന്‍ | kumaran ,
നന്ദി.

@ ചെലക്കാണ്ട് പോടാ,
കണ്ടു..:)

@ അനിൽ@ബ്ലൊഗ് ,
കണ്ടു നോക്കൂ...

@ Tintu | തിന്റു ,
അങ്ങനെയാണോ കാര്യം?കുരങ്ങനെ സുന്ദരനാക്കിയ ശ്യാമപ്രസാദിനെ സമ്മതിക്കണമല്ലോ..:)

@ താരകൻ ,
ആഴത്തിലൊരു പഠനത്തിന്‌ ഞാന്‍ മുതിരുന്നില്ല ..'ഋതുഭേദ കല്പന' വരുത്താന്‍ എവിടെയൊക്കെയോ ശ്രമിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.ശ്യാമപ്രസാദ്‌ രണ്ടു വര്‍ഷം ഗൃഹപാഠം ചെയ്ത്‌ ഒരുക്കിയ നിലയില്‍ മികച്ചതല്ലെങ്കിലും തട്ടിക്കൂട്ട് സിനിമകള്‍ക്കിടയില്‍ ഒരു ആശ്വാസം തന്നെ.

@ നിരക്ഷരന്‍ ,
ഓണത്തിന് ചിത്രങ്ങള്‍ കുറവായതിനാല്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

@ അരുണ്‍ കായംകുളം ,
മൊത്തത്തില്‍ പറഞ്ഞാല്‍ ,കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്ന നല്ല സിനിമ.

മീര അനിരുദ്ധൻ said...

സിനിമ കണ്ടില്ല.മിക്കവാറും സി ഡി ഇറങ്ങിയിട്ടേ കാണൽ നടക്കൂ.അതു കൊണ്ട് ഒരു അഭിപ്രായം പറയാൻ ഇല്ല

Sureshkumar Punjhayil said...

Nalla post..! Ashamsakal...!
( Chithram kanathathinal kooduthal parayanavilla tto..)

Calvin H said...

“പാര്‍ട്ടിയും, ഡ്രിങ്ക്സും,ഡേറ്റിങ്ങും അത്തരം യുവാക്കളൊന്നും ഇല്ലാത്തതൊന്നും അല്ല താനും.രാഷ്ട്രീയക്കാരെയും പോലീസുകാരെയുമൊക്കെക്കുറിച്ച് എന്തെല്ലാം സിനിമകള്‍ വരുന്നു?“

അതു തന്നെ പ്രശ്നം. രാഷ്ട്രീയക്കാരനും പോലീസുകാരനും ഐ.ടിക്കാരനുമെല്ലാം സിനിമയിൽ ക്ലിഷേകളിൽ കുടുങ്ങിക്കിടക്കുകയാണ്. കച്ചവടസിനിമയിൽ പോട്ടേന്ന് വെക്കാം. നല്ല സിനിമ എന്ന ലേബലും പേറി വരുന്ന ഇത്തരം സിനിമകൾ ക്ലിഷേകളാവുമ്പോൾ തിയേറ്ററിൽ എഴുന്നേറ്റ് നിന്നു കൂവണം...

Suмα | സുമ said...

നല്ല, കുഞ്ഞി വിവരണം about ഋതു... :)

Haree said...

കാഴ്ചയുടെ അനുഭവം അതേ പോലെ കുറിച്ച ആദ്യ ഭാഗങ്ങള്‍ നന്നായിട്ടുണ്ട്. :-)
--

ആദര്‍ശ്║Adarsh said...

@ മീര അനിരുദ്ധൻ ,
ഈ സിനിമ തീയറ്ററില്‍ തന്നെ കാണുന്നതായിരിക്കും കൂടുതല്‍ ഭംഗി ...

@ Sureshkumar Punjhayil ,
നന്ദി .

@ cALviN::കാല്‍‌വിന്‍,
കൂവാനും മാത്രം ഒന്നും ഇല്ല എന്നാണ് എന്റെ അഭിപ്രായം.

@ ㄅυмα | സുമ,
നന്ദി :)

@ Haree | ഹരീ ,
നന്ദി ...