Tuesday, May 26, 2015

"കില്ങ്ങ്ന്ന പാദ്സരം" - അഞ്ച്

 
"തെന്നെ അല്ലെ,കാർത്ത്യേച്ചീ  വഴി ? ചെണ്ടേന്റെ ഒച്ച കേക്കുന്നുണ്ട് .."
"ഇരുടായതോണ്ട് ഒന്നും തിരിയുന്നില്ല സത്യേ ...ഇതിലെയെന്നെന്നാ തോന്നുന്നേ..
ഒരൊറ്റ സ്ട്രീറ്റ് ലൈറ്റും കത്തുന്നും ഇല്ല ..നീയുള്ളുണ്ടോണ്ട് എങ്ങനെയോ ഈടെ എത്തി,
അല്ലെ ഈ ചെക്കനേം കൊണ്ട് ...."
വെല്യമ്മ ആകെ വിയർത്തു കുളിച്ചിരുന്നു.ഏതൊക്കെയോ ഇടവഴികളിലൂടെ സത്യേച്ചി എന്റെ കയ്യും പിടിച്ചു വേഗത്തിൽ നടന്നു.
"നീയിതൊന്നും ചെന്ന് അമ്മേനോട് പറഞ്ഞെക്കല്ല ചെക്കാ ...ഓക്ക് പിന്നെ അത് മതി ...."
വെല്യമ്മ സാരിത്തുമ്പ് കൊണ്ട് മുഖം ആകെ ഒന്ന് തുടച്ചു.
ചെണ്ടയുടെ ഒച്ച കൂടി കൂടി വരുന്നുണ്ട് .കുറേ ദൂരം ചെന്നപ്പോൾ കുറച്ചു ആൾക്കാരൊക്കെ എതിരെ വരുന്നുണ്ട് .ബലൂണൊക്കെ പിടിച്ചു കൊണ്ട് എന്നെപ്പോലെയുള്ള കുട്ടികളും ഉണ്ട്.
"സത്യേച്ചീ ബലൂണ് ഉണ്ടാവ്വോ ,തെയ്യത്തിന്റെ അട്ത്ത് ?"
"എല്ലാം ഉണ്ടാവും ...നീ ഇങ്ങോട്ട് നടക്ക് ..."
"ട്യൂബിന്റെ വെളിച്ചം കാണുന്നുണ്ട് ,സത്യേ ...ഈലെ അങ്ങ് കേറിക്കോ ..സരസ്വതീന്റെ വീട്ടിന്റെ അയിലെ പോയാൽ വളപ്പിലോട്ടു എത്തി .."

ചെണ്ടയുടെ ഒച്ച കൂടി കൂടി വന്നു.അമ്പലത്തിലെ ഉത്സവത്തിന്റെ ആ ഒച്ചയല്ല.ഭയങ്കര ഒച്ച.ചിലപ്പോൾ എന്തൊക്കെയോ കിലുങ്ങുന്ന ഒച്ചയും ഉണ്ട്.കുരുത്തോലയും കടലാസ് പൂവും ഒക്കെ കെട്ടിത്തൂക്കിയ പറമ്പ്.നിറയെ ആൾക്കാരുണ്ട് .അവിടെയും ഇവിടെയും ഒക്കെ തീയും പുകയും എല്ലാം ഉണ്ട്. ഒരു വലിയ തറയ്ക്ക് മുൻപിൽ തീപന്തങ്ങൾ കത്തിച്ചു വെച്ചിരിക്കുന്നു .അതിന്റെ അടുത്ത് ഒരു വലിയ "സ്ടൂളിൽ " വെളുത്ത നീളമുള്ള മുടിയൊക്കെ ഉള്ള ,ചുവന്ന കുപ്പായമിട്ട  ഒരു രൂപം കയറി നില്ക്കുന്നു.ഒരു കയ്യിൽ കണ്ണാടി ഉണ്ട് .മറ്റേ കയ്യിൽ ആ കുപ്പായത്തിന്റെ വെളുത്ത പൂവുള്ള വാൽ ..'സ്ടൂളി'ന്റെ മുകളിൽ നിന്ന് അയാൾ തുള്ളുകയാണ്.ചുറ്റും നിറയെ ആൾക്കാരും .
"സത്യേച്ചീ...."ഞാൻ പേടിച്ചു, സത്യേച്ചിയുടെ സാരി പിടിച്ചു.
"എന്ത്ന്നാ ടാ കളിക്കുന്നെ ?"
 സത്യേച്ചീ എന്നെ എടുത്തു "ഉക്കത്തു തട്ടി ".


"സത്യേ ..ഗുളികന്റെ വെള്ളാട്ടം തൊടങ്ങി,നമ്മള്  കൊറേ  നേരം ബൈകി "
"വെല്ലിമ്മേ ആ പെണ്ണുങ്ങള് എന്തിനാ സ്ടൂലിന്റെ മോളില് കേറി നില്‍ക്കുന്നേ"
"അത് പെണ്ണുങ്ങളൊന്നും അല്ലാ..'തംബാച്ചി'യാ...നാളെ പൊലച്ചക്കുള്ള ഗുളികന്‍ തെയ്യത്തിന്റെ വെള്ളാട്ടമാ,പീഠത്തില്‍ കേറി നിന്നിട്ടാ തോറ്റം ചൊല്ലുന്നേ"
വെള്ളാട്ടം കുറേ നേരം പീഠത്തില്‍ നിന്ന് തുള്ളി.പിന്നെ താഴെ ഇറങ്ങി പന്തം കൊളുത്തി വെച്ച വാഴ പ്പോളകള്‍ക്ക് മുന്നിലിരുന്ന് എന്തൊക്കെയോ ചെയ്തു.ഒരുപാടു നേരം തറയ്ക്ക് ചുറ്റും വട്ടം കറങ്ങി,അമ്പലത്തിലെ തിടമ്പ് നൃത്തം പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു . ചെണ്ടയുടെ ഒച്ച കൂടിയും കുറഞ്ഞും കൊണ്ടേ ഇരുന്നു.

"വാ..സത്യേ..കുറി വാങ്ങീട്ടു വരാം.."
"വാടാ ..'തംബാച്ചീ'ന്റെ കുറി വാങ്ങീട്ടു വരാം "
"ഞാംബരൂലാ ....പേടിയാ ...."
"നിന്നെ ഒന്നും ചെയ്യില്ലേടാ..ഇങ്ങു വാ.. ഞാന്‍ എടുക്കാം ..."
അങ്ങനെ സത്യേച്ചിയുടെ "ഉക്കത്ത് "കയറി ഞാന്‍ തംബാച്ചിയുടെ അടുത്തേക്ക് പോയി .വെല്ലിമ്മ 'റോസ് ടവ്വലി'ല്‍ കെട്ടി വെച്ചിരുന്ന ചില്ലറ പൈസകളില്‍ നിന്നും അമ്പതു പൈസ എടുത്തു എനിക്കു തന്നു."ഇന്നാ..ഇത് 'തംബാച്ചി'ക്ക് കൊടുക്കണം കേട്ടോ...."

മുഖത്ത് മുഴുവന്‍ ചായം പൂശി,കണ്ണെഴുതി,തുറിച്ചു നോക്കുന്ന തംബാച്ചി!

"അടിച്ചു താളിയും.... അന്തിത്തിരിയും ഇല്ല്യേ ...നാമങ്ങള്‍ ഒരുവിടാറില്ലേ...പൈതങ്ങള്‍ അടുത്തു വന്നേ..."
ചുവന്ന ചായം തേച്ച കൈ കൊണ്ട്  'തംബാച്ചി' മെല്ലെ എന്റെ തലയില്‍ തലോടി.സത്യേച്ചി പെട്ടന്ന് എന്നെ താഴേക്ക്‌ ഇറക്കി .
"കണ്ണും കാതുമായി കൂടെത്തന്നെ കാണും പോരേ "
തംബാച്ചി മഞ്ഞ കുറിയും ഒരു പിടി അരിയും എന്റെ തലയില്‍ ഇട്ടു .
"മോനെ..പൈസ കൊടുക്ക് .."
പേടിച്ചു വിറച്ച ഞാന്‍ അമ്പതു പൈസാ നാണയം കൈയ്യില്‍ മുറുകെ പിടിച്ചിരുന്നു.വിറച്ചു വിറച്ചു അത് തംബാച്ചിയുടെ കൈയ്യില്‍ കൊടുത്തു .പകരം മഞ്ഞ കുറിയും അരിമണിയും എന്റെ കൈയ്യില്‍ വച്ചു തന്നു.
ഞാന്‍ കരയാന്‍ വിതുമ്പി നില്‍ക്കുകയായിരുന്നു.
"സത്യെച്ചീ നമ്മക്ക് പോകാം.."
"തംബാച്ചിയുടെ അടുത്തു വന്ന് ആണ്‍കുട്ടികള് കരയരുത് കേട്ടോ..വാ നമ്മക്ക് ബലൂണ് വാങ്ങാം..."

റമ്പിന്റെ ഒരു ഭാഗത്ത്‌ നിറയെ ചന്തയാണ്.നിറയെ ബലൂണ്‍ പീടികകള്‍,വളകള്‍,മാലകള്‍..
ബത്തക്കയും കരിമ്പും  മുട്ടപ്പൊരി ചാക്കുകളുമൊക്കെ കൂട്ടിയിട്ടിരിക്കുന്നു.
"ഏതാടാ നിനിക്ക് വേണ്ടെ?കൊരങ്ങനെ വേണോ?ആപ്പിള് ബലൂണ്‍ വേണോ?"
"ആപ്പിള് മതി "

"ഇന്നാ ഈ കൊയലപ്പം തിന്നു നോക്ക്യേ "മഞ്ഞ നിറമുള്ള കുറേ കുഴലപ്പങ്ങൾ കടലാസിൽ ചുരുട്ടി  വാങ്ങി ,വെല്യമ്മ.ഒന്നെടുത്ത്  എന്റെ വായിൽ വയ്ക്കുന്നതിനിടയിൽ ആപ്പിള് ബലൂണ്‍ പറന്നു പോയി.മെല്ലെ മെല്ലെ പാറി പാറി അത് പോയി.പിറകെ ഞാനും ഓടി.
"ഓടെല്ലെടാ ,ആടെ  നിക്ക്..സത്യേച്ചി എടുത്ത് തെരാം "
എന്റെ പിറകെ സത്യേച്ചിയും  ഓടി.

 നിലത്തുനിന്ന്  ബലൂണും എടുത്തു മുന്നോട്ടു നോക്കിയ ഞാൻ പേടിച്ചു പോയി .ഒരു വലിയ വീട്ടിന്റെ
"മിറ്റ"ത്തിന്റെ നടുവിലാണ് ഞാൻ.ഇറയകത്ത്  കുറേ അമ്മമ്മമാരും 'ഏച്ചി' മാരും നിരന്നിരുന്നിട്ടുണ്ട് .എല്ലാവരും എന്നെതന്നെയാണ് നോക്കുന്നത്.
"സത്യേച്ചീ ..."എന്ന് വിളിച്ചതും സത്യേച്ചി എന്നെ തട്ടി "ഉക്കത്തു" വെച്ചു .
"കാർത്തീന്റെ ഒപ്പരം ആരാപ്പാ ഒരുത്തി ?ഓളെ  കുട്ടിയാ ഇത് ?"
"ഓളെ കുട്ടിയൊന്നും അല്ലാ ,ദാമൂന്റെ ചെക്കനാ "വെല്ലിമ്മക്ക് ദേഷ്യം വന്നു.
"അതെങ്ങെനെയാ  നമ്മക്കറിയിന്നേ? നമ്മളിവനെ കണ്ടിട്ടില്ലല്ലോ ?"
"ഇങ്ങു വാ മോനേ "ഒരമ്മമ്മ എന്നെ പിടിച്ചു ഇറയകത്ത് ഇരുത്തി.സത്യേച്ചിയും വെല്ലിമ്മയും ഇറയകത്ത് ഇരുന്നു.വാതിലിനു നേരെ പടിഞ്ഞിറ്റയിൽ വിളക്ക് കത്തിച്ചു വച്ചിട്ടുണ്ട്.അതിനു നേരെ ആരും ഇരുന്നിട്ടില്ല.എല്ലാവരും എന്തോ കാത്തു നിൽക്കുകയാണ്.പെട്ടന്ന് കുറേ ചെണ്ടക്കാർ ചെണ്ട കൊട്ടിക്കൊണ്ട് "മിറ്റ"ത്തേക്ക് വന്നു.പിറകെ ഒരു 'തംബാച്ചി 'ഓടി വന്നു.

ചുവന്ന ഉടുപ്പിട്ട് ,തലയിൽ ചുവന്ന  കിരീടം  വെച്ച്, നീളത്തിൽ ഇളം ചുവപ്പ് മുടിയും വച്ച് ,രണ്ടു "കൈയ്യിലും വെളിച്ചെണ്ണ കുത്തു കിണ്ണ"വുമായി ഒരു സുന്ദരി തമ്പാച്ചി!മിറ്റത്തു  രണ്ടു പ്രാവശ്യം വട്ടത്തിൽ ഓടി ,വിളക്കു കത്തിക്കുന്ന മുറിക്കു മുമ്പിൽ നിന്നു എന്തൊക്കെയോ പറയുന്നു.

"സത്യേ ,ഉച്ചിട്ടേയുടെ വെള്ളട്ടാ ..വിളിച്ചാ വിളി കേക്കുന്ന ദൈവാ .."
"വെല്ലിമ്മേ ,ഈ തമ്പാച്ചി പെണ്ണുങ്ങളാ ?"
"ശ് ...ദൈവ ദോഷം പറയെല്ലെടാ...നിന്റെ അമ്മ  ഉച്ചിട്ടക്ക് പട്ടും കിണ്ണോം  ഒക്കെ കൊടുത്തിട്ടാ  നീയൊക്കെ ഉണ്ടായേ "

ച്ചിട്ട തമ്പാച്ചിയെ കാണാൻ നല്ല രസമുണ്ട് .മുഖത്ത് നല്ല തിളങ്ങുന്ന "ചൊട്ട"തൊട്ടിട്ടുണ്ട്.
കഴുത്തിൽ നല്ല മാല ഇട്ടിട്ടുണ്ട്."ചെവിടി"ന്റെ അവിടെ നല്ല "കാതില "ഉണ്ട്.കണ്ണിനു ചുറ്റും കണ്മഷിയും ഉണ്ട്.
'തുണി മുടി' കൈ കൊണ്ട് ചീകി പേൻ എടുക്കുന്നു!.പെട്ടന്ന് ഓടി സത്യേച്ചിയുടെ അടുത്ത് വന്ന് പേനെടുത്തു
 കൊടുക്കാൻ ആംഗ്യം കാണിച്ചു.സത്യേച്ചി പേടിച്ചു ഇറയകത്തേക്ക് കയറിയിരുന്നു."മിണ്ടൂല "എന്ന് മുഖം കൊണ്ട് ആംഗ്യം കാണിച്ചു വീണ്ടും ഓടിപ്പോയി. മിറ്റത്തെ ഒരു മൂലക്കിരുന്ന് ,കിണറ്റിൽ നിന്ന് വെള്ളം "വലി"ക്കുന്നത് പോലെയും ,തല കുളിച്ച്  തോർത്തുന്നത് പോലെയുമൊക്കെ കാണിക്കുന്നു.
അടുപ്പ് കത്തിച്ചു,പാലു ചൂടാക്കി കുട്ടിക്ക് കൊടുക്കുന്നു,അമ്മിഞ്ഞ കൊടുക്കുന്നു,ഉറക്കുന്നു..ഇതെല്ലാം കണ്ട് എല്ലാ പെണ്ണുങ്ങളും ചിരിക്കുന്നുമുണ്ട്.

പീഠത്തിന് അടുത്തു നിന്ന് കുറേ 'തോറ്റം'ചൊല്ലി,ഉച്ചിട്ട തമ്പാച്ചി.ചെണ്ടയുടെ ഒച്ച കൂടിയപ്പോഴേക്കും കടലായി അമ്പലത്തിലെ കൃഷ്ണനെപ്പോലെ നീലയും പച്ചയും ചുവപ്പും പൂക്കളുള്ള മാലയിട്ട വേറൊരു തമ്പാച്ചി മിറ്റത്തേക്ക് വന്നു.തലയിൽ വലിയ കിരീടം ഉണ്ട്,കൈയ്യിൽ ഓട്ടൻ തുള്ളലിന്റെ പോലെ 'കെട്ടുകളും' ഉണ്ട്.അരയ്ക്കു ചെറിയ ചെണ്ട കെട്ടി പീഠത്തിന് അടുത്തു നിന്ന് പുതിയ തമ്പാച്ചിയും തോറ്റം ചൊല്ലാൻ തുടങ്ങി.
"വെല്ലിമ്മേ ..ഇത് അമ്പലത്തിലെ കൃഷ്‌നൻ ആണോ?"
"കാർത്തീ ചെക്കനു എല്ലാം തിരിയുന്നുണ്ടല്ലോ ? അതെ മോനേ വിഷ്ണു മൂർത്തിയുടെ വെള്ളാട്ടമാ .."
ഒരമ്മമ്മ എന്റെ തലയിൽ തടവിക്കൊണ്ട് പറഞ്ഞു .
രണ്ടു വെള്ളാട്ടവും പടിഞ്ഞിറ്റയിലെ ,വാതിലിനു നേരെ വന്നു 'മണങ്ങി'യപ്പോൾ വീടിന്റെ അകത്തു നിന്നും രണ്ടു അമ്മമ്മാർ വന്നു അറിയെരിഞ്ഞു,തൊഴുതു.വാതിലിനു നേരെ നിന്ന് രണ്ടു വെള്ളാട്ടവും കുറേ നേരം "തുള്ളി ."അതുവരെ രണ്ടു അമ്മമ്മമാരും തൊഴുതു കൊണ്ട് നിന്നു.അതിലൊരു അമ്മമ്മ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.


"ഉയ്യ് ..എന്റെ കുഞ്ഞി മോനല്ലേ ...പെറ്റിട്ടു നാലഞ്ചു ദിവസൊം ഞാനല്ലേ എന്റെ കുഞ്ഞിമോനെ കുളിപ്പിച്ചേ ...മോന് വെല്ലിമ്മേനെ അറിയാ ?"ആ അമ്മമ്മ എന്റെ തോളിൽ പിടിച്ചു എടുക്കാൻ നോക്കി.പേടിച്ചു ഞാൻ കുതറി മാറി.
"അയ്യൊ ..മോന് ജാനകി വെല്ലിമ്മേനെ അറീലേ ?ഇങ്ങു വന്നേ ..കാണട്ടെ "
എന്റെ കവിളിൽ ബലത്തിൽ ഒരു  ഉമ്മ തന്നു,ജാനകി വെല്ലിമ്മ എന്ന ആ അമ്മമ്മ.
"കുഞ്ഞും മോന് എങ്ങനെ അറിയാനാ അല്ലേ?ഈ വെല്ലിമ്മേനെ? വാ വെല്ലിമ്മേന്റെ വീട്ടിന്ന് നെയ്യപ്പം തരാം"

മിറ്റത്ത്‌  രണ്ടു വെള്ളാട്ടവും കൈ പിടിച്ചു തുള്ളുന്നു.കുറ്റിക്കാരെലെ പ്രിയേച്ചി "പൂ പറിക്കാൻ പോരുമോ "കളിക്കുന്ന പോലെ രണ്ടാളും കളിക്കുകയാണ് .വീടിന്റെ പിറകിലൂടെ ജാനകി വെല്ലിമ്മ 'നമ്മളെ'കൂട്ടി ജാനകി വെല്ലിമ്മയുടെ വീട്ടിലേക്കു നടന്നു.

"സത്യേ ..ആടെയാ പോട്ടക്കൊളം..പാതിരാത്രി ഭൂതം തെയ്യം,അയില് തുള്ളാൻ വെരും "
"തുള്ളുന്ന ഒന്നും അല്ല കാർത്തീ ,ചൂട്ടും കത്തിച്ച് പിള്ളേര് ഓടിക്ക്ന്നെല്ലേ..ഭൂതം പേടിച്ച് കൊളത്തിൽ പാഞ്ഞും വെര്ന്നതാ ..."ജാനകി വെല്ലിമ്മ പറഞ്ഞത് വെല്ലിമ്മക്കു അത്ര ഇഷ്ടപ്പെട്ടില്ല.
ഒരു ചെറിയ വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്,പൊട്ടക്കുളത്തിന്റെ കരയിൽ,തവള കരയുന്ന ഒച്ചയും കേൾക്കാം.

"രാത്രി ചോറ് തിന്നണ്ട സമയാ..എന്നാലും ഈ നെയ്യപ്പം തിന്ന് ..."
ജാനകി വെല്ലിമ്മ ഒരു നെയ്യപ്പം എന്റെ വായിൽ വെച്ച് തന്നു.
"നിങ്ങക്ക് രണ്ടാക്കും ഞാൻ ചോറ് വെളമ്പാം ,അടുക്കളപ്പെറത്തുന്ന് കൈ കഴുകീട്ടു വാ "ജാനകി വെല്ലിമ്മ മേശപ്പുറത്തു ഇല വിരിച്ചു.
"സാമ്പാറും കൂട്ടി,കുറച്ചു തിന്നെടാ.."
സത്യേച്ചി എനിക്കൊരു ഒരുള വാരിത്തന്നു .അങ്ങനെ അഞ്ചാറ് ഉരുള ഞാൻ അകത്താക്കി.
കിണറ്റിന്റെ  കരയിലെ അലൂമിനിയം ബക്കറ്റിൽ നിന്നും വെള്ളം കോരി ,സത്യേച്ചി എന്റെ കൈയും വായയും കഴുകിപ്പിച്ചു .
"നന്നായി വായിക്കൊള്ളി തുപ്പെടാ ..."
"ത്ഫൂൂ ....."
പതിവ് പോലെ ഞാൻ വെള്ളം ചീറ്റിച്ചു.

"സത്യേ ,നിനക്ക് ഒറക്കം വെരുന്നിണ്ടെങ്കില് ഞാലീല് പായ വിരിച്ചു തരാം "
ജാനകി വെല്ലിമ്മ മൂലയ്ക്ക് ചാരിവെച്ച പായ ഞാലീല് നീട്ടി വിരിച്ചു.
"എനക്ക് പൂതം കാണണം ..കൊളത്തില് തുള്ളുന്നെ ..."
"കുഞ്ഞും മോൻ ഒറക്കം ഒഴിയണ്ടാ ,കെടക്ക്‌ ..ഭൂതം വരുമ്പോ വെല്ലിമ്മ വിളിക്കാം,എന്റെ മോനെ..."
ജാനകി വെല്ലിമ്മ ഒരു 'പുതപ്പെ'ടുത്തു സത്യേച്ചിക്ക് കൊടുത്തു."പൊതച്ചോ..കൊതു കുറേ ഇണ്ട് ".

'സ്റ്റിക്കർ ചൊട്ട 'പറിച്ച്  കണ്ണാടിയിൽ  ഒട്ടിച്ച് ,മുടി 'കൊണ്ട 'കെട്ടിവെച്ച് സത്യേച്ചി എന്നെയും കെട്ടിപ്പിടിച്ചു കിടന്നു .
"പൊലച്ചക്ക് മുമ്പ് 'നാഗകന്നി 'ഉണ്ട് സത്യേ ,എണീറ്റെനെങ്കില് കാണാം .."
"നാഗകന്നി മുടി വാരുന്നെ വെള്ളട്ടാ വെല്ലിമ്മേ "
"കെടന്നാട്ടെ ,,ആട്ന്ന്.."
"പൂതം വെരുമ്പം വിളിക്കണേ ..."
"ഞാൻ "ഒറക്കം വരരുതേ  തമ്പാച്ചീ" എന്ന്  പ്രാർത്ഥിച്ചു  കിടന്നു.

"അയ്യോ ..പൂതം "എന്നും പറഞ്ഞു ഞെട്ടി എഴുന്നേറ്റപ്പോൾ കണ്ണിലേക്കു എന്തോ ഒരു വെളിച്ചം മിന്നി.
"പൂതം ഒന്നും അല്ലെടാ ,ടോർച്ചിന്റെ ലൈറ്റാ "
സത്യേച്ചിയും വെല്ലിമ്മയും പായ തട്ടിക്കുടഞ്ഞ് എന്തോ പരതുകയാണ്.
"അപ്പൊ പൂതം..കൊളത്തില് തുള്ളീലെ ?"
"കാർത്യേച്ചീ ..എന്നാലും അതേടപ്പോയി ?.."
"എന്തുന്നാ സത്യേച്ചീ  പോയേ ?"
"ഈ ചെക്കന് ഒറക്കോം ഇല്ലേ?"
രണ്ടാളും എന്നെ ദേഷ്യത്തോടെ നോക്കി .


"ഇനി ഇതായിട്ടു എന്തിനാ? "
സത്യേച്ചി  നിലത്തിരുന്ന് ,വലത്തെ കാൽ നീട്ടി ,പല്ലു കൊണ്ട് "കൊളുത്ത്" കടിച്ച്  പാദസരം ഊരി,"ടവ്വലിൽ "കെട്ടി പേഴ്സിൽ ഇട്ടു .

"നീ ഭേജാറാകല്ലേ..സത്യേ ..അതിവിടെ ഏടെയെങ്കിലും കാണും ..പരദേവതയെ മനസ്സില് വിളിക്ക് .."വെല്ലിമ്മ ഓരോ മൂലയിലും ടോർച്ചടിച്ചു  നോക്കി."പണ്ടാരം എന്റെ കണ്ണൊട്ട് പിടിക്കുന്നില്ലല്ലോ ?ഒരു 'മാച്ചില്'കിട്ടീനെങ്കില് മേശേന്റെ അടീല് അടിച്ചു നോക്കാരുന്നു ..."

ന്റെ കൈയും പിടിച്ചു സത്യേച്ചി പൊട്ടക്കുളത്തിന്റെ കരയിലൂടെ നടന്നു.ആദ്യമായി സത്യേച്ചി യുടെ നടത്തത്തിനു ഒച്ചയില്ല.
"രാവിലെ ആയിനില്ലേ  സത്യേച്ചി...ഇരുട് .."
"മൂന്നു മൂന്നര ആയിക്കാണും സത്യേ ..'നാഗ കന്നി'കെട്ടിക്കീഞ്ഞു കാണും .ഇന്നാ ഈ ഒരുറിപ്പിക ഉഴിഞ്ഞിട്ടു കൈയില് വെക്ക് ..പരദേവതയുടെ കുറി വാങ്ങുമ്പം കൊടുക്കണം..എടത്തെ കാലുന്ന് പോയ പാദ്സരം തമ്പുരാട്ടി കൊണ്ടുത്തരും .."
വെല്ലിമ്മ ഒരുറുപ്പിക എടുത്ത് സത്യേച്ചിക്ക് കൊടുത്തു.

(പാദസര കിലുക്കം തുടരും .....)

ഇതുവരെ കിലുക്കം കേൾക്കാത്തവർക്കായ് ....

"കില്ങ്ങ്ന്ന പാദ്സരം"-ഒന്ന് "
കില്ങ്ങ്ന്ന പാദ്സരം"-രണ്ട് "
കില്ങ്ങ്ന്ന പാദ്സരം"-മൂന്ന് "
കില്ങ്ങ്ന്ന പാദ്സരം"-നാല്

2 comments:

ajith said...

കുറെ നാള്‍ അടഞ്ഞുകിടന്ന ചായിപ്പ് വീണ്ടും തുറന്നല്ലോ. സന്തോഷം

സുധി അറയ്ക്കൽ said...

കുറേ കാലമായല്ലോ.